Friday 9 December 2011

നല്ല കൂട്ടുകാര്‍ക്കായ്‌

http://kerugmas.blogspot.com/2011/12/blog-post.html
"അനീതിയുളള മാമോനെക്കൊണ്ടു നിങ്ങള്‍ക്കു സ്‌നേഹിതന്മാരെ ഉണ്ടാക്കി കൊള്‍വിന്‍ എന്നു ഞാന്‍ നിങ്ങളോട് പറയുന്നു.' (ലൂക്കോസ് 16:9). രക്ത ബന്ധങ്ങളെക്കാള്‍ പവിത്രമായ ചില കര്‍മ്മ ബന്ധങ്ങളുണ്ട് ഈ ഭൂമിയില്‍.അതില്‍ ഒന്നാണ് സുഹൃദ്ബന്ധം. നല്ലൊരു സുഹൃത് ബന്ധം ഇവിടെ കാത്തു സൂക്ഷിക്കണമെങ്കില്‍ പ്രധാനമായും മൂന്നു കാര്യങ്ങള്‍ ഏതൊരു വ്യക്തിയും പാലിക്കണം.1) നമ്മോടു തന്നെ ക്ഷമിക്കുക 2) അപ്രീയ അനുഭങ്ങളുടെ പേരില്‍ മറ്റൊരുവനോട് ക്ഷമിക്കുവാന്‍ കഴിയുക.3) നമുക്ക് ദൈവത്തോട് പരിഭവം ഇല്ലാതിരിക്കുക. ഇതും മൂന്നും ഒരുവന്‍ ശരിയായ രീതിയില്‍ കാത്തു സൂക്ഷിക്കുവാന്‍ തയ്യാറായാല്‍ ഏതൊരു ബന്ധവും പുഷ്പിക്കുവാന്‍ ഇടയാകും എന്നതാണ് സത്യം. നാം കാത്തു സൂക്ഷിക്കുന്ന നമ്മുടെ സൗഹൃദത്തിന്റെ ഇഴകളാണ് ഒരുവനെ നമ്മളുമായി അടുപ്പിക്കുന്നത്. സൗഹൃദത്തിന് മനുഷ്യ മനസ്സുകളെ സ്വാധീനിക്കത്തക്ക അപാരാമായ ശക്തിയാണുളളത് . ഏറ്റവും പുതിയ ഒരു പഠനം തെളിയിക്കുന്നത് നിസ്വാര്‍ത്ഥവും നിര്‍വ്യാജവുമായ സൗഹൃദത്തിന് ആയുസ്സ് കൂട്ടുന്നതിന് ശക്തിയുണ്ടെന്നാണ്. ടെല്‍ അവിവിലെ യുണിവേഴ്‌സിറ്റിയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് സഹപ്രവര്‍ത്തുകരുമായുളള നല്ല ബന്ധവും സൗഹൃദാന്തരീക്ഷവും കാത്തു സൂക്ഷിക്കുന്നവരില്‍ ആയുസ്സ് കൂടുന്നതായി കണ്ടെത്തിയത്. ഇരുപതു വര്‍ഷമായി ദിവസം 8 മണിക്കൂര്‍ ജോലി ചെയ്യുന്നവരെയാണ് പഠന വിധേയമാക്കിയത്. പഠന വിധേയമാക്കിയവരില്‍ ശത്രുത പാടേ മറക്കുവാന്‍ കഴിയുന്നവര്‍ക്ക് ഓഫിസില്‍ നമ്മെ ഇഷ്ടം ഇല്ലാത്തവരുമായി പോലും ബന്ധം പുലര്‍ത്തുവാന്‍ കഴിയുന്നവര്‍ക്കും ആയുസ്സ് വര്‍ദ്ധിക്കുന്നതായി കണ്ടെത്തി. അവരുടെ ടെന്‍ഷന്‍ ഇറക്കി വെയ്ക്കുന്നതിനുളള ഒരു ഇടം ആണ് സുഹൃത്ബന്ധം. ഒന്നാലോചിച്ചാല്‍ നമുക്ക് നമ്മുടെ ബന്ധങ്ങള്‍ കാത്തു സൂക്ഷിക്കുവാന്‍ കഴിയുന്നുണ്ടൊ?. പലതും ക്ഷമിക്കുവാന്‍ കഴിയാതെ മനസ്സിനുളളിലും പുറത്തും സംഘര്‍ഷങ്ങളും അസ്വസ്ഥതകളും ഉമിതീ കണക്കേ എരിയുമ്പോള്‍ സംഘര്‍ഷം ഇറക്കി വെയ്ക്കുവാന്‍ ദൈവം കഴിഞ്ഞാല്‍ പിന്നെ മറ്റൊരു സ്‌നേഹിതന്‍ ആരുണ്ട് ഇന്ന് നമുക്ക്. ഗത്‌സമനയില്‍ യേശുവും സ്‌നേഹിതരെ തിരയുന്നു. പ്രാണവേദനയില്‍ മരണത്തോട് അടുക്കുമ്പോള്‍ അരുമ ശിഷ്യന്മാരുടെ അരികില്‍ എത്തി ചോദിക്കുന്നു ""നിങ്ങള്‍ക്ക് എന്നോടു കുടെ അര നാഴിക നേരം ഉണര്‍ന്നിരിക്കുവാന്‍ കഴിയുന്നില്ലേ'' എന്ന.് സ്‌നേഹിതന്‍ എല്ലാ കാലത്തും സ്‌നേഹിക്കുന്നു അനര്‍ത്ഥ കാലത്തോ അവന്‍ സഹോദരനായി തീരുന്നു.  മനുഷ്യന്റെ ജീവിതത്തിന്റെ ജയപരാജയങ്ങള്‍ക്ക് ഒരേയൊരു കാര്യമേയുളളു ബന്ധങ്ങള്‍ ശരിയായ വിധത്തില്‍ കാത്തു സൂക്ഷിക്കുവാന്‍ കഴിയാതെ പോകുന്നത്.സ്വന്തം ജീവിതത്തെ സ്‌നേഹിക്കുവാന്‍ കഴിയുന്നതു പോലെ, മറ്റുളളവരെയും അവരുടെ എല്ലാം കയ്പും മധുരത്തോടും കൂടെ സ്‌നേഹിക്കണം അപ്പോള്‍ നമ്മുടെ ജീവിതം പ്രത്യാശ പൂര്‍ണ്ണമായി മാറും. ജീവിതം അര്‍ത്ഥപൂര്‍ണ്ണമായി മാറുന്നത് ആരോ സ്‌നേഹിക്കുവാന്‍ ഉളളതു കൊണ്ടാണ് എന്നത് നാം മനസ്സിലാക്കണം. നാം സ്‌നേഹിക്കുന്നുവെങ്കില്‍ മാത്രമേ മറ്റുളളവര്‍ നമ്മെ സ്‌നേഹിക്കുകയുള്ളു. ദൈവം നമ്മെ സ്‌നേഹിച്ചത് നമ്മില്‍ നിന്നും യാതൊന്നും പ്രതിക്ഷിച്ചല്ല. ദൈവത്തെ സ്‌നേഹിക്കുന്നവന്‍ അവനെ മാത്രമല്ല അവന്റെ സമൂഹത്തെക്കൂടി സ്‌നേഹിക്കുന്നു. മഹനായ അരിസ്റ്റോട്ടില്‍ ഇപ്രകാരം എഴുതി "നല്ലൊരു മനുഷ്യന്‍ തന്റെ സ്‌നേഹിതര്‍ മുഖാന്തിരം സമൂഹത്തോടു ബന്ധപ്പെട്ടിരിക്കുന്നതു പോലെ തന്നോടു തന്നെയും ബന്ധപ്പെട്ടിരിക്കുന്നു'. ഒരുവന്‍ നല്ല സ്‌നേഹിതനോ എന്ന് തിരിച്ചറിയുന്നത് നാലു കാര്യങ്ങള്‍ കൊണ്ടാണ് 1) നല്ല സ്‌നേഹിതന്‍ തന്റെ സ്‌നേഹിതരെ എല്ലാകാലത്തും സ്‌നേഹിച്ച് ആരോഗ്യകരമായ ഒരു ജീവിതം നയിക്കുന്നതിന് സഹായിക്കുന്നു.2) നല്ല സ്‌നേഹിതന്‍ തന്റെ സ്‌നേഹിതര്‍ക്ക് ഒരു സഹായം ആവശ്യമായി വരുമ്പോള്‍ അത് നല്‍കി കൊടുക്കുകയും വേണ്ട പ്രോത്സാഹനവും നല്‍കുന്നു. 3)നല്ല സ്‌നേഹിതന്‍ തന്റെ സ്‌നേഹിതരുടെ രോഗങ്ങള്‍ക്കു ശമനം വരുത്തുകയും, കഴിവുകളെ പ്രോത്സാഹിപ്പിച്ച് അതിനെ വളര്‍ത്തുകയും ചെയ്യുന്നു 4) നല്ല സ്‌നേഹിതന്‍ തന്റെ സ്‌നേഹിതരെ എല്ലാ കാലത്തും ക്രീയാത്മകമായി മാത്രം വിമര്‍ശിക്കുന്നു കാരണം വാക്കുകളുടെ ശക്തി അദ്ദേഹത്തിനറിയാം, ഇതില്‍ ഏതാണ് നാം നല്ല ശമര്യക്കാരനോ അതോ സ്വന്ത ഗുണം മാത്രം അന്വേഷിക്കുന്നവനോ ഒരു മാറ്റത്തിന് സമയമായി, സ്വാര്‍ത്ഥത നിറഞ്ഞ ഈ ലോകത്ത് സ്വന്ത ഗുണം മാത്രം അന്വേഷിക്കാതെ മറ്റുള്ളവരുടെ ഗുണം കൂടെ അന്വേഷിച്ച് സൗഹൃദം വര്‍ദ്ധിപ്പിച്ച് സുഹൃത്തുക്കളെ നേടാം.

No comments:

Post a Comment

please make the cooments and share